15.8.09

ഈ ഘാതകനെ കല്ലെറിയരുത്

ഞാനെന്‍റെ മകളെ
നിഷ്കരുണം കൊന്നു.

ഗര്‍ഭപാത്രത്തിന്‍റെ
വ്യഥ കാണാതെ,
വളര്‍ന്നു തുടങ്ങിയ
രക്തക്കട്ട
പിഴുതെറിയുമ്പോള്‍....

പേക്കിനാക്കളില്‍…..,
ഒരു മകളുടെ
അമര്‍ത്തിയ രോദനം.

പത്രത്താളുകളിലെ
എരിവുള്ള
വരികള്‍ക്കിടയില്‍,
കുപ്പിവളകളും
കൊലുസുകളും
ചിതറിത്തെറിക്കുന്നു.

ചോക്കുപൊടി
പുരണ്ട വിരലുകള്‍
ഞെരിക്കുന്ന
കുഞ്ഞു മാറിടം.

‘കിളി’ വിരിച്ച
പ്രണയം പുരട്ടിയ
വലയില്‍,
പിടയുന്ന കൗമാരം.

അങ്കിളും, ആന്‍റിയും
കെണിയൊരുക്കി,
കൊതി നുണഞ്ഞ്...

“പിതോ രക്ഷതി......”
കൊഞ്ഞനം കുത്തുമ്പോള്‍..
ആപ്ത വാക്യങ്ങള്‍
ഈണത്തില്‍ ചൊല്ലാന്‍ മാത്രം.

പെണ്‍ഭ്രൂണഹത്യ
പാപമാകാം....

കല്ലെറിയരുത്.
അച്ഛന്‍
നിസ്സഹായനാണ്.

No comments:

Post a Comment