21.8.09

വിലയില്ലാത്ത ഗര്‍ഭം

പത്നിക്ക് പതിവു തെറ്റി..
ലാബിലെ കടലാസില്‍ പോസറ്റീവ്..
മനസ്സില്‍;
കുരുന്നു പാല്‍പുഞ്ചിരി..

മുന്തിയ ആശുപത്രിയില്‍..,
ഉയര്‍‍ന്ന ബിരുദത്തിന്‍റെ,
കനത്ത നിര്‍‍‍ദ്ദേശങ്ങള്‍..
അനങ്ങരുത്, എണീക്കരുത്..
അടുക്കരുതെന്നെന്നോട്..

വൈറ്റമിന്‍ വേറെ.
ഇഞ്ചക്ഷന്‍ ഏറെ.
സ്കാനിംഗ്, എക്സറെ
മുറ പോലെ.
കാഴ്ച ചടങ്ങുകള്‍,
പോക്കു വരവുകള്‍..
എണ്ണിത്തീര്‍ത്ത ആയിരങ്ങള്‍,
ഗര്‍ഭത്തിന് വിലയേറുന്നു.

നഗരഭംഗിക്ക് കളങ്കം..
നിരത്തിലൂടെ,
കാലം പരിക്കേല്പിച്ച പിച്ചച്ചട്ടി.
നിറം കെട്ട മിഴികള്‍..
നീരു വറ്റിയ ദേഹത്തിന്
ചേര്‍ച്ചയില്ലാതെ ഒരു നിറവയര്‍.

പ്രസവ മുറിക്കു മുന്നില്‍
നനുത്ത കരച്ചില്‍ കാതോര്‍‍‍ക്കെ..,
കണ്ണില്‍, മായാതെ;
നിരത്തില്‍ കണ്ട നിറവയര്‍..

വിലയില്ലാത്ത ഗര്‍ഭം.

No comments:

Post a Comment