9.9.09

കരയാത്ത വര്‍ഗ്ഗം

വെയിലില്‍ വെന്ത
മാസങ്ങള്‍ കിട്ടാക്കനിയാവുമ്പോള്‍..,
നീളന്‍ കന്തൂറക്കീശയുടെ
തടവില്‍,
ചില ജീവിതങ്ങളുടെ
സ്വപ്നങ്ങള്‍
പിടഞ്ഞു തീരുകയാണ്.

അകലങ്ങളില്‍..,
കെട്ടിപ്പൊക്കിയ
സ്വപ്ന സ്വര്‍ഗ്ഗത്തില്‍
പ്രകാശം വറ്റിയ
കണ്ണുകളുടെകാത്തിരിപ്പ്...

അയല്‍പക്കങ്ങളിലെ
പ്രവാസക്കൊഴുപ്പില്‍,
എന്‍റെ സത്യവാങ്മൂലം
അല്പായുസ്സുള്ള
നുണക്കുമിളയാണ്.

കെട്ട്യോളും, കുട്ട്യോളും
തിന്നുമുടിക്കുന്ന കണക്കിന്‍റെ
എഞ്ചുവടി, തെറ്റാതെ
പാടാന്‍ അച്ഛനറിയാം.

തീരാത്ത പരാതിച്ചുമടും,
ഒഴിയാത്ത വയറുമായി
വിരുന്നെത്തുന്ന പെങ്ങളെ
മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കാന്‍
അമ്മയും മറക്കുന്നില്ല.

മുരടിച്ച മനസ്സ് പിന്നെയും
കൊതിക്കുന്നത്,
വെറുതെയെങ്കിലും
“സുഖമൊ..?” എന്ന വാക്ക്.

പരിഭവിക്കാനറിയാത്ത
കൊലുസുകളുടെ
നനുത്ത തേങ്ങലിന്
ആശ്വാസ വാക്ക് പരതുമ്പോള്‍...

ആര്‍ത്തലച്ചു വരുന്ന
കരച്ചില്‍ ചുണ്ടുകള്‍ക്കിടയില്‍
ഞെരിച്ചമര്‍ത്തുകയാണ്.

പുരുഷ ജന്മങ്ങള്‍
കരയരുതത്രെ....

മരുഭൂമിയില്‍ അലയുന്ന
ചുടുകാറ്റില്‍...
കരിഞ്ഞുണങ്ങാന്‍
ജന്മങ്ങള്‍ പിന്നെയും.....

1 comment:

  1. assalamu alaikum
    vlare hrythayasparshiyayathu
    oru mezhkuthiriyude vettam pole orupadu per athu kondu sugamayi jeevikkunnu
    namukku oruki thiranum

    ReplyDelete