4.9.16

വന്നിട്ട് പോകുമ്പോൾ..

കാലുകൾക്ക് ഭാരമാണ്, 
മടിയാണ് പടിയിറങ്ങാൻ..

എത്ര കുതറിയിട്ടും പിടിവിടാതെ നീ..
അടർത്തിമാറ്റാൻ
ഞാനെത്ര സങ്കടം വിഴുങ്ങണം..

പ്രാണൻ മുറിച്ചകറ്റി
പുറപ്പെടുമ്പോൾ
ഇരമ്പിപ്പെയ്യുന്ന നിന്മിഴികളെ
കണ്ടില്ലെന്ന് നടിക്കും

പുറത്ത് വരാൻ
വെമ്പുന്നൊരു കരച്ചിൽ
പല്ലുകൾക്കിടയിൽ
പിടയുന്നുണ്ടാകും.

ഓരോ നിമിഷവും പ്രാർത്ഥിക്കും,
ഏറെ മോഹിക്കും
യാത്ര മുടങ്ങിയെങ്കിലെന്ന്..

ചെവിയിലിരമ്പുന്നുണ്ട്,
കൊന്നിട്ട് പൊയ്ക്കൂടെയെന്ന്
നിന്റെ വിതുമ്പൽ.
നീ വീണ്ടും മറന്നു;
ഓരോ വേർപാടും
മരണം തന്നെയെന്ന്.

3.1.11

നിറമറ്റ ചിത്രങ്ങൾ...



അച്ഛൻ പറഞ്ഞ കഥകളിൽ,
തേങ്ങാപ്പൂളിന്റെയും ശർക്കരയുടെയും
മധുരബാല്യമുണ്ട്.

ഇപ്പോഴും, നാവിൽ കൊതിയുണ്ട്;
കീലു മുട്ടായിയും, തരിപ്പു മുട്ടായിയും,
കുട്ടിക്കാലം നുണയുമ്പോൾ….

മകളുടെ ചൂടാറാത്ത ഇഷ്ടങ്ങളിൽ
പിസ്സ, ഒന്നാമത്.

കാലം കറങ്ങുകയാണ്…..
രുചിഭേദങ്ങൾക്കൊപ്പം…
എത്ര കറങ്ങിയാലും, മാറാത്ത ചില കോലങ്ങളുണ്ട്.
വിശന്ന കണ്ണുകളും, വരണ്ട ചുണ്ടുകളുമുള്ള
നിറമറ്റ ചിത്രങ്ങൾ.
പാഴാക്കുന്ന ഓരോ വറ്റിലുമുണ്ട്,
ഒരുനേരമെങ്കിലും നിറയാത്ത വയറിന്റെ നിലവിളി
.

30.1.10

പര്‍ദ്ദക്കുമപ്പുറം...

ചില്ലു കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ
കറുത്ത കുലീന...
അടിച്ചമര്‍ത്തലിന്റെ കണ്ണീരു തുടച്ച്,
പീഢനത്തിന്റെ മൂക്കു പിഴിഞ്ഞ്,
അധരം ചുവപ്പിച്ച ആന്റിക്കൊപ്പം
കണ്ണീര്‍ കഥകളുടെ അഭിമുഖത്തില്‍
മുങ്ങി മറഞ്ഞു....

പൊങ്ങിയത്,
സ്ഫോടനങ്ങളും
ആര്‍ത്തനാദങ്ങളും
പുകമറയിലൊതുക്കി,
വിയര്‍ത്തൊലിച്ച് കോടതിമുറിയില്‍...

ചാനലുകളൊരുക്കിയ വിരുന്നില്‍,
മൂസച്ചിക്കനും, മുരളിമീനും
തരം തിരിച്ച് മത്സരിച്ച് വിളമ്പി.
മാറി വരുന്ന രംഗങ്ങളെ
നക്കിത്തുടച്ച്, ചാടിത്തിമര്‍ക്കുന്ന
മണ്ഡൂകങ്ങള്‍ക്ക്,
മറഞ്ഞിരുന്ന് ചിരിക്കുന്ന
ദേഹണ്ഡക്കാരനെ കാണായില്ല.

പൊട്ടക്കിണറ്റിനുമപ്പുറം
കാഴ്ചയില്ലാത്ത മണ്ഡൂകമേ....
കാളകുടവുമായി നാഗങ്ങള്‍
അടുത്തെത്തിക്കഴിഞ്ഞു.