21.8.09

വിലാസം നഷ്ടപ്പെടുമ്പോള്‍

സ്വപ്നങ്ങളാല്‍
മയ്യെഴുതി,
പ്രതീക്ഷകള്‍
വാരിയണിഞ്ഞ്,
പരിശോധകര്‍ക്ക് മുന്നില്‍
കാഴ്ചപ്പണ്ടമായ്..
ചോദ്യോത്തരങ്ങളില്‍,
വിലപേശിപ്പിരിയുന്ന
പതിവു രംഗങ്ങള്‍..
ഉരുണ്ടുകൂടിയ കണ്ണുനീര്‍
കാഴ്ചകള്‍ മറക്കുമ്പോള്‍...
മുഖമൊളിപ്പിക്കാന്‍,
സ്വയം തീര്‍ത്ത ഇരുളിലേക്ക്.

അയല്‍നാട്ടിലേക്ക്
കുറഞ്ഞ തുകക്കുള്ള കച്ചവടം.
പുരയിടം ബാങ്കിലേക്ക്...
ബലിമൃഗം,
പുതിയ വിലാസത്തിലേക്ക്..

കാതും കഴുത്തും ഉരുകി-
ത്തിരുന്നത് വരെ..
അയഞ്ഞു തുടങ്ങിയ
മുറുക്കങ്ങളില്‍, പുതുമ
നഷ്ടപ്പെടും വരെ.
മൂന്നു വാക്കില്‍,
പറിച്ചെറിഞ്ഞ
ബന്ധങ്ങളുടെ നേര്‍ത്ത ചരട്.

നൊമ്പരങ്ങളും,
നെടുവീര്‍പ്പുകളും
ശിഷ്ടമാവുമ്പോള്‍...
എളിയിലൊന്നും,
ഉദരത്തിലരയും...
തുടങ്ങും മുമ്പേ
ഒടുങ്ങിയ യാത്ര..
കരിന്തിരി കത്തി
നിറംകെട്ട പാഴ്ജന്മം.

വിലാസം നഷ്ടപ്പെടുമ്പോള്‍..
ശവക്കച്ചയില്‍,
അഴുക്കു പുരളുകയാണ്.

No comments:

Post a Comment